മലയാളത്തില്‍ ഒരു ചരിത്രസിനിമകൂടി...
മലയാളത്തില്‍ ഒരു ചരിത്രസിനിമകൂടി പിറക്കുന്നു. വടക്കന്‍പാട്ടുകളുടെയും പഴശിയുടെയും കഥപറഞ്ഞ കേരളം ഇനി വേണാടിന്റെ ചരിത്രം പറയുന്നു. `വീരക്കല്‍ ദൈവങ്ങള്‍' എന്ന ചിത്രത്തിലൂടെ പതിനാറാം നൂറ്റാണ്ടിലേക്ക് ഒരെത്തിനോട്ടം. പതിനാറാം നൂറ്റാണ്ടില്‍ വേണാട് വാണിരുന്ന വീര രവിവര്‍മ്മന്‍ കുലശേഖരയുടെ സേനാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെ ജീവിതം ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം ദേശത്തിനുവേണ്ടി സ്വയംബലിയായിത്തീരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെ സന്തതസഹചാരിയായിരുന്ന കാളി നായര്‍ എന്ന ധീരനായ പടയാളിയുടെ ജീവിതവും.
ധര്‍മ്മിക് മീഡിയയും അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മഹേഷ് കിടങ്ങില്‍ സംവിധാനം ചെയ്യുന്നു. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും ഹോളിവുഡില്‍നിന്നുമുള്ള ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അണിനരക്കും. ചിത്രത്തിന്റെ സാങ്കേതികവശത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് ഹോളിവുഡില്‍നിന്നുള്ളവര്‍ ഉണ്ടാകും.
വളരെ ശക്‌തനായ മധുരയിലെ തിരുമല നായ്‌ക്കര്‍ക്കുനേരെ ഇരവിക്കുട്ടിപ്പിള്ളയും കൂട്ടരും നടക്കുന്ന പോരാട്ടവിജയങ്ങള്‍ ചിത്രം അനാവരണം ചെയ്യുന്നു. അതോടൊപ്പം ഇരവിക്കുട്ടിപ്പിള്ളയുടെ ശിക്ഷണത്തില്‍ വേണാടിനുവേണ്ടി പൊരുതാനായി സജ്ജരായ, ചരിത്രത്താളുകളില്‍ മറഞ്ഞ ധീരരായ പോരാട്ടവീരന്മാരും ചിത്രത്തിലെത്തുന്നു. മധുര, തിരുനെല്‍വേലി, കന്യാകുമാരി, തക്കല തുടങ്ങിയ സ്‌ഥലങ്ങളില്‍ ഷൂട്ടുചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ സെപ്‌റ്റംബറില്‍ ആരംഭിക്കും.
|
|||
















