Back
Friday, August 10, 2012 | 11:43:54 AM IST
സൗജന്യം തേടി ചാനല്‍ പ്രമുഖന്‍; വിവാദം ലൈവ്‌

പ്രമുഖ ടിവി ചാനലിലെ ഉന്നതന്‌ സൗജന്യ താമസ സൗകര്യം ഒരുക്കാന്‍ കെടിഡിസി വിസമ്മതിച്ചു. ഇതിനു വേണ്ടി ഇടപെട്ട പേഴ്‌സണല്‍ സ്റ്റാഫിലെ ഉന്നതനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശാസിക്കുകയും ചെയ്‌തു. സംഭവം ഇപ്പോള്‍ ചാനലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഒരുപോലെ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുകയാണ്‌.
ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ടൈംസ്‌ നൗ ചാനലിന്റെ ഡല്‍ഹിയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഓണക്കാലത്ത്‌ കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ്‌ സംഭവ പരമ്പര തുടങ്ങിയത്‌. കുടുംബസമേതം ഏതാനും ദിവസം തേക്കടിയിലും തിരുവനന്തപുരത്തും താമസിക്കാന്‍ കെടിഡിസിയുടെ സൗകര്യങ്ങളാണ്‌ അദ്ദേഹം തേടിയത്‌. ഇതിനു വേണ്ടി കെടിഡിസി എംഡി പ്രശാന്ത്‌ ഐഎഎസിനെ ഫോണില്‍ വിളിച്ചു. പ്രശാന്ത്‌ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ചെയ്‌തു. എന്നാല്‍ ചാനലിന്റെ പേരില്‍ ആഢംബര ഹോട്ടലുകളിലും റിസോര്‍ട്ടിലും സമ്പൂര്‍ണ സൗജന്യ താമസമാണ്‌ ആഗ്രഹിക്കുന്നതെന്നു പിന്നീടാണ്‌ വ്യക്തമായത്‌. അത്‌ അനുവദിക്കാന്‍ സാധിക്കില്ലെന്ന്‌ എംഡി അറിയിച്ചു. പരമാവധി 30 ശതമാനം വരെ ഇളവ്‌ അനുവദിക്കാമെന്ന്‌ വാഗ്‌ദാനവും ചെയ്‌തു. എന്നാല്‍ അതുകൊണ്ടുമാത്രം തൃപ്‌തിപ്പെടാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തയ്യാറായില്ല. അദ്ദേഹം പലതവണ ബന്ധപ്പെട്ടെങ്കിലും എംഡി വഴങ്ങിയുമില്ല.
അതിനു പിന്നാലെ, മുമ്പ്‌ ടൈംസ്‌ നൗവിന്റെ കേരളത്തിലെ റിപ്പോര്‍ട്ടറായിരുന്ന മലയാളി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖനെ വിളിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നേരത്തേ പ്രശാന്തിനോട്‌ ഉന്നയിച്ച അതേ ആവശ്യം അദ്ദേഹത്തിനു വേണ്ടി റിപ്പോര്‍ട്ടറും ഉന്നയിച്ചു. വ്യക്തിപരമായ സൗഹൃദത്തിന്റെ പേരില്‍ റിപ്പോര്‍ട്ടറുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ സ്‌റ്റാഫംഗം ഇടപെട്ടെങ്കിലും കെടിഡിസി എംഡിയുടെ പ്രതികരണം അനുകൂലമായിരുന്നില്ല. ഈ ആവശ്യത്തിനുതന്നെ വീണ്ടും പലതവണ വിളിക്കുകയും സമ്മര്‍ദം ശക്തമാക്കുകയും ചെയ്‌തതോടെ കെടിഡിസി എംഡി ഇക്കാര്യം മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ ബാലകൃഷ്‌ണനെ അറിയിച്ചു. കാര്യങ്ങള്‍ വിശദമായി മനസിലാക്കിയ ആര്‍ കെ അത്‌ മുഖ്യമന്ത്രിയെ അറിയിച്ചു. രോഷത്തോടെയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചതെന്നാണു വിവരം. തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്യുന്നത്‌ അനുവദിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഉടന്‍തന്നെ കെടിഡിസി എംഡിയെ നേരിട്ടു വിളിച്ച്‌ മുഖ്യമന്ത്രി മുഴുവന്‍ വിവരങ്ങളും അന്വേഷിച്ചു. തുടര്‍ന്ന്‌ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ടൈംസ്‌ നൗ എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണബ്‌ ഗോസ്വാമിക്ക്‌ ഇ മെയില്‍ അയച്ചു. തന്റെ അറിവില്‍പെടാത്ത സംഭവമായിരുന്നു ഇതെന്നും എങ്കിലും താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രമുഖ പത്രപ്രവര്‍ത്തകനായ ഗോസ്വാമി മുഖ്യമന്ത്രിയുടെ ഓഫീസിനു മറുപടി നല്‍കി.
കാര്യങ്ങള്‍ അവിടംകൊണ്ട്‌ അവസാനിച്ചിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറോടും റിപ്പോര്‍ട്ടറോടും ടൈംസ്‌ നൗ മാനേജ്‌മെന്റ്‌ വിശദീകരണം ചോദിച്ചിരിക്കുകയാണ്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തകര്‍ ബിസിനസ്‌ വാര്‍ത്താ സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനു പോലും വിലക്കുണ്ടായിരിക്കെയാണ്‌ സൗജന്യ താമസസൗകര്യം ആവശ്യപ്പെട്ടതും അതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പോലും ഇടപെടുവിക്കാന്‍ ശ്രമിച്ചതും. അതു ചൂണ്ടിക്കാട്ടിയാണ്‌ വിശദീകരണം ചോദിച്ചിരിക്കുന്നത്‌.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിശദീകരണം ചോദിക്കലൊന്നും ഉണ്ടായില്ലെങ്കിലും, ഇത്തരം ശുപാര്‍ശകള്‍ പാടില്ലെന്നു ശക്തമായി വിലക്കിയിരിക്കുയാണ്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news